സമയം പാതിര കഴിഞ്ഞു. സുഗതൻ കോസടിയിൽ നിന്നെണീറ്റു. ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വന്നില്ലായിരുന്നു. അയാളുടെ ജീവിതത്തിൽ സംഭവിച്ച അസാധാരണ സംഭവങ്ങളെക്കുറിച്ച് ആലോചിച്ച് നിന്നു. എത്ര തിരഞ്ഞിട്ടും കിട്ടാത്ത മായാവിയായ എതിരാളിയെക്കുറിച്ചോർത്ത് അസ്വസ്തനായി.
കട്ടിലിനരികിൽ ചേർത്ത് കെട്ടി വെച്ചിരിക്കുന്ന മടവാളിൽ തുരുമ്പ് കയറിയിരിക്കുന്നു. വിങ്ങിവിതുമ്പി വന്ന ചുമയിൽ പിടിച്ച് നിൽക്കാനാവാതെ അയാൾ കട്ടിലിലേക്ക് ഇരുന്ന് പോയി. ചുമയുടെ ശക്തിയിൽ വിസർജ്ജിച്ച മൂത്രത്തിൽ അയാളുടെ ഉടുവസ്ത്രം നനഞ്ഞു.
വിജയൻ മരിച്ചിട്ട് വർഷം മുപ്പത്തിരണ്ടാകും അടുത്ത ഇടവത്തിൽ. അതിന് മുൻപേ അവനെ കൊല്ലണം. മടവാളിന്റെ അലകിൽ വിരലോടിച്ചു കൊണ്ട് അയാൾ ചിന്തിച്ചു. മറുചിന്തയിൽ സ്വന്തം ബലഹീനതയെക്കുറിച്ചോർത്ത് അയാൾ ദുഃഖിച്ചു. ചെറുപ്പം അകന്ന് പോയപ്പോൾ ഒരിക്കൽ പ്രതികാരചിന്തകൾ നഷ്ടപ്പെട്ടതാണ്. ജീവിതം സ്വപ്നം കണ്ട് തുടങ്ങിയതാണ്. പിന്നെയെപ്പോഴോ എല്ലാം വീണ്ടും വഴുതിപ്പോയി.
റിട്ടേയേഡ് കോൺസ്റ്റബിൾ ബാലകൃഷ്ണൻ ഗേറ്റ് തുറന്ന് വീടിനുള്ളിലേക്ക് കയറുമ്പോഴാണ് സുഗതൻ മടവാളിന് പിൻ കഴുത്തിൽ വെട്ടിയത്. പിന്നെ കലി തീരുവോളം വെട്ടിക്കോണ്ടേയിരുന്നു. ചുറ്റും ആളുകൾ കൂടുന്നത് അയാൾ കണ്ടു. ആരോ പിടിക്കാൻ ശ്രമിച്ചപ്പോൾ അയാൾ വാളോങ്ങി അകലാൻ ശ്രമിച്ചു. അധികം പണിപ്പെടാതെ തന്നെ ആരോ അയാളെ ഉറുമ്പടക്കം പിടുച്ചു. ബലമുള്ള പിടുത്തത്തിൽ നിന്ന് വിടുവിക്കാൻ അയാൾ വെറുതെ അനങ്ങിക്കൊണ്ടിരുന്നു.
ഇരുണ്ട ഭിത്തിയിൽ നോക്കി അയാൾ കുറേ നേരം ഇരുന്നു. നേരം പുലർന്നതയാളറിഞ്ഞില്ല. പിറ്റേന്നത്തെ പത്രങ്ങൾ വീണ്ടും ലോക്കപ്പ് മരണത്തെക്കുറിച്ച് കഥകൾ ചമച്ചു. പ്രതികാരം ചെയ്യാൻ പക്ഷേ ആരും അവശേഷിച്ചിരുന്നില്ല.
Monday, 17 August 2009
Subscribe to:
Posts (Atom)